7/28/10

മസ്‌കത്തിലെ ദുരന്തം: നാലു പേര്‍ക്കും പിറന്ന നാട്ടില്‍ അന്ത്യനിദ്ര


മസ്‌കത്തിലെ ദുരന്തം: നാലു പേര്‍ക്കും പിറന്ന നാട്ടില്‍ അന്ത്യനിദ്ര
ചക്കരക്കല്ല്‌(കണ്ണൂര്‍): കളിക്കൊഞ്ചലിന്റെ ആരവങ്ങളുമായി ഇനിയവര്‍ വരില്ല. കളിമുറ്റത്ത്‌ ചേതനയറ്റ ശരീരങ്ങള്‍ കിടത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ദു:ഖമടക്കാന്‍ നന്നേ പാടുപെട്ടു. മസ്‌ക്കത്ത്‌ ദുരന്തത്തില്‍ മരണപ്പെട്ട കുട്ടികളുടെയും ദമ്പതികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചപ്പോള്‍ ഒരു നാട്‌ മുഴുവന്‍ വിതുമ്പുകയായിരുന്നു. ഇനിയൊരു ദുരന്ത വാര്‍ത്ത കേള്‍ക്കാന്‍ ശേഷിയില്ലാതെ.
ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു വീടിനു തീ പിടിച്ചു നാലംഗ കുടുംബം വെന്തു മരിച്ചത്‌. കോമാത്ത്‌ കുന്നുമ്പ്രത്തെ പൊയ്യയില്‍ അശോകന്‍(41), ഭാര്യ മുഴപ്പാലയിലെ ബിന്ദു(34), മക്കളായ ഷാരോണ്‍(13), സാരംഗ്‌(ആറ്‌)എന്നിവരായിരുന്നു ദുരന്തത്തിനിരയായത്‌. മരത്തടികളാല്‍ നിര്‍മ്മിച്ച വീട്‌ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.
ഇന്നലെ രാവിലെ 9 മണിയോടെയാണ്‌ മൃതദേഹങ്ങള്‍ സ്വദേശമായ കോമത്ത്‌ കുന്നുമ്പ്രത്തെത്തിച്ചത്‌. ചൊവ്വാഴ്‌ച രാത്രി ഏഴു മണിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗലാപുരം വിമാനത്താവളത്തിലായിരുന്നു മൃതദേഹങ്ങള്‍ എത്തിച്ചത്‌. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ കണ്ണൂര്‍ ഡി.സി.സി ഓഫീസിലായിരുന്നു മൃതദേഹങ്ങള്‍ കൊണ്ടുവച്ചത്‌.
ഏറെനേരം ചെമ്പിലോട്‌ കോണ്‍ഗ്രസ്‌ മന്ദിരത്തിലും പിന്നീട്‌ കോമത്ത്‌ കുന്നുമ്പ്രത്തെയും മുഴപ്പാലയിലെയും വീടുകളിലും പൊതുദര്‍ശനത്തിനു വച്ചു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച അശോകന്റെയും കുടുംബത്തിന്റെയും വേര്‍പാട്‌ മുന്നണി പ്രവര്‍ത്തകരിലും വലിയ ആഘാതമുണ്ടാക്കി.
സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധി പേരാണ്‌ കോമത്ത്‌ കുന്നുമ്പ്രത്തും മുഴപ്പാലയിലും ഒഴുകിയെത്തിയത്‌. വിവിധ കക്ഷിനേതാക്കളായ പി.രാമകൃഷ്‌ണന്‍, കെ.പി.നൂറുദ്ദീന്‍, പ്രൊഫ.എ.ഡി.മുസ്‌തഫ, വി.പി.വമ്പന്‍, മുണ്ടേരി ഗംഗാധരന്‍, സുരേഷ്‌ ബാബു എളയാവൂര്‍, എം.വി.ഗോവിന്ദന്‍, പി.സഹദേവന്‍, കെ.കെ.രാഗേഷ്‌, ചന്ദ്രന്‍ തില്ലങ്കേരി, ഐ.എം.എ മുന്‍സംസ്ഥാന പ്രസിഡന്റ്‌ ഡോ.എം.മുഹമ്മദലി തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ പയ്യാമ്പലത്ത്‌ സംസ്‌കരിച്ചു.

No comments:

Post a Comment