10/16/10

Environment News - Kerala

Environment News - Kerala

7/28/10

കൊയിലി ആസ്‌പത്രിയില്‍ ഹാര്‍ട്ട്‌ സെന്റര്‍ തുടങ്ങുന്നു

കൊയിലി ആസ്‌പത്രിയില്‍ ഹാര്‍ട്ട്‌ സെന്റര്‍ തുടങ്ങുന്നു
കണ്ണൂര്‍: കൊയിലി ആസ്‌പത്രിയില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഹാര്‍ട്ട്‌ സെന്റര്‍ തുടങ്ങുമെന്ന്‌ ആസ്‌പത്രി അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി, ബൈപ്പാസ്‌ സര്‍ജറി എന്നിവ നടത്താനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ കൊയിലി ഭാസ്‌കരന്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.പ്രസാദ്‌ സുരേന്ദ്രന്‍, ഡോ.അനില്‍ കുമാര്‍, പി.കെ.വല്‍സലന്‍ എന്നിവര്‍ അറിയിച്ചു.

കണ്ടല്‍പാര്‍ക്ക്‌: നിലവിലെ സ്ഥിതി തുടരണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌

കണ്ടല്‍പാര്‍ക്ക്‌: നിലവിലെ സ്ഥിതി തുടരണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌
കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ സി.പി.എം കണ്ടല്‍തീം പാര്‍ക്ക്‌ പൂട്ടിയ അവസ്ഥയില്‍തന്നെ തുടരണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌. യൂത്ത്‌ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ അന്‍സാരി തില്ലങ്കേരി നല്‍കിയ ഹരജി പരിഗണിച്ചാണ്‌ ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്‌. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിനെതിരെ ചീഫ്‌ ജസ്റ്റിസ്‌ ജെ.ചെലവേശ്വര്‍, ജസ്റ്റിസ്‌ പി.എന്‍.രവീന്ദ്രന്‍ എന്നിവര്‍ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്‌തു.
ഹര്‍ജി പരിഗണിക്കവെ പാര്‍ക്ക്‌ പൂട്ടിയിരിക്കുകയാണെന്നും വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌ അറിയിക്കുകയായിരുന്നു. എന്നാല്‍ പാര്‍ക്കിനു വേണ്ടി വാദിക്കുകയും ചെയ്‌തു. പാര്‍ക്ക്‌ തുറക്കണമെന്നാവശ്യപ്പെട്ട്‌ സിംഗില്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയ സൊസൈറ്റി പ്രസിഡന്റ്‌ കുഞ്ഞിക്കണ്ണന്‍ മാസ്റ്ററും ഇതില്‍ കക്ഷിചേര്‍ന്നിരുന്നു.
കണ്ടല്‍ചെടികള്‍ വെട്ടിനശിപ്പിച്ചതിനും അതീവ ദുര്‍ബല പ്രദേശത്ത്‌ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്‌തതിന്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന അന്‍സാരി തില്ലങ്കേരിയുടെ ഹര്‍ജിയിലെ വാദത്തില്‍ ഡിവിഷന്‍ ബെഞ്ച്‌ ഇരുപതു മിനുട്ടോളം വാദം കേട്ടു. ഇതിനിടയിലാണ്‌ പാപ്പിനിശ്ശേരി പഞ്ചായത്തിനെതിരെ വിമര്‍ശിച്ചത്‌.
ധര്‍മ്മടം പഞ്ചായത്തില്‍ ഫ്‌ളാറ്റ്‌ നിര്‍മ്മിച്ചാല്‍ ജലക്ഷാമമുണ്ടാകുമെന്നാണ്‌ കഴിഞ്ഞയാഴ്‌ച ഒരു കേസില്‍ ഗ്രാമപഞ്ചായത്ത്‌ ചൂണ്ടിക്കാട്ടിയത്‌. ഇതേസമയം പാപ്പിനിശ്ശേരിയില്‍ പുഴയോരത്ത്‌ പാലം നിര്‍മിച്ചതിനെയും മറ്റു നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതിനെയും പുഴയില്‍ ജെട്ടി നിര്‍മ്മിച്ചതിനെയുമൊക്കെ പഞ്ചായത്ത്‌ ന്യായീകരിക്കുകയാണ്‌. ഇതിനൊന്നും ലൈസന്‍സ്‌ നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത്‌ പറയുന്നു. ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റാറ്റസ്‌കൊ നിലനിര്‍ത്തണമെന്നാണ്‌ ഇന്നലെ ഇടക്കാല വിധിയുണ്ടായിരിക്കുന്നത്‌. ഹര്‍ജി ഇനി ഒരു മാസം കഴിഞ്ഞ്‌ വീണ്ടും പരിഗണനക്കെടുക്കും.
പാര്‍ക്ക്‌ സന്ദര്‍ശിച്ച വിദഗ്‌ധ സമിതി തീരദേശ മാനേജ്‌മെന്റ്‌ അതോറിറ്റി ചെയര്‍മാന്‍ സി.ടി.എസ്‌.നായര്‍ക്ക്‌ ചൊവ്വാഴ്‌ച അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഒന്നര കോടിയിലധികം കണ്ടലുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന്‌ ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഏഴിനങ്ങളിലുള്ള അപൂര്‍വ്വ കണ്ടലുകളാണ്‌ നശിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
31നുള്ളില്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറും.

ഫസല്‍ വധക്കേസ്‌: തെളിവുകള്‍ തേടി സിബിഐ സംഘം തലശേരിയില്‍
തലശേരി: എന്‍.ഡി.എഫ്‌ പ്രവര്‍ത്തകനും തേജസ്‌ പത്രവിതരണക്കാരനുമായ പിലാക്കൂലിലെ ഒളിയിടക്കണ്ടി മുഹമ്മദ്‌ ഫസല്‍(27), കൊല്ലപ്പെട്ട കേസിന്റെ പുനരന്വേഷണത്തിനായി സി.ബി.ഐ സംഘം തലശേരിയിലെത്തി. സി.ബി.ഐ കൊച്ചി യൂനിറ്റിലെ എസ്‌.പി പി.എ.മോഹനന്‍, സി.ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ്‌ തലശേരിയില്‍ എത്തിയത്‌. കൊലപാതകം നടന്ന സൈദാര്‍ പള്ളിക്കടുത്ത ജെ.ടി.റോഡിലെ ലിബര്‍ട്ടീ ക്വാര്‍ട്ടേഴ്‌സ്‌ പരിസരത്ത്‌ തെളിവെടുപ്പ്‌ നടത്തി. 2006 ഒക്‌ടോബര്‍ 22ന്‌ പുലര്‍ച്ചെയാണ്‌ ഫസല്‍ കൊല്ലപ്പെട്ടത്‌.
പുലര്‍ച്ചെ പത്രം ശേഖരിക്കാനായി വീട്ടില്‍ നിന്നും സൈദാര്‍പള്ളി ഭാഗത്തേക്ക്‌ വരുന്നതിനിടയില്‍ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. സംഭവുമായി ബന്ധപ്പെട്ടു മൂന്നു സി.പി.എം പ്രവര്‍ത്തകരെ നേരത്തെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ നാട്ടില്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ ഏറെ കോലാഹലങ്ങള്‍ ഉയര്‍ന്നിരുന്നു. കേസന്വേഷണം നീതിപൂര്‍വ്വമല്ലെന്ന്‌ പരാതിപ്പെട്ട്‌ ഫസലിന്റെ ഭാര്യ മറിയം നല്‍കിയ ഹരജിയെ തുടര്‍ന്നാണ്‌ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്‌. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ അന്നാളുകളില്‍ തന്നെ സി.ബി.ഐ സംഘം തലശേരിയില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ട ഫസലിന്റെ ബന്ധുക്കളില്‍ നിന്ന്‌ മൊഴി രേഖപ്പെടുത്തി അന്വേഷണവും ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
ഫസല്‍ വധക്കേസിന്റെ ഗൂഢാലോചനയും സി.ബി.ഐയുടെ അന്വേഷണ വിഷയമായതിനാല്‍ ഏറെ ആകാംക്ഷയോടെയാണ്‌ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ കേന്ദ്രകുറ്റാന്വേഷണ ബ്യൂറോവിന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുന്നത്‌.

മസ്‌കത്തിലെ ദുരന്തം: നാലു പേര്‍ക്കും പിറന്ന നാട്ടില്‍ അന്ത്യനിദ്ര


മസ്‌കത്തിലെ ദുരന്തം: നാലു പേര്‍ക്കും പിറന്ന നാട്ടില്‍ അന്ത്യനിദ്ര
ചക്കരക്കല്ല്‌(കണ്ണൂര്‍): കളിക്കൊഞ്ചലിന്റെ ആരവങ്ങളുമായി ഇനിയവര്‍ വരില്ല. കളിമുറ്റത്ത്‌ ചേതനയറ്റ ശരീരങ്ങള്‍ കിടത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ദു:ഖമടക്കാന്‍ നന്നേ പാടുപെട്ടു. മസ്‌ക്കത്ത്‌ ദുരന്തത്തില്‍ മരണപ്പെട്ട കുട്ടികളുടെയും ദമ്പതികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചപ്പോള്‍ ഒരു നാട്‌ മുഴുവന്‍ വിതുമ്പുകയായിരുന്നു. ഇനിയൊരു ദുരന്ത വാര്‍ത്ത കേള്‍ക്കാന്‍ ശേഷിയില്ലാതെ.
ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു വീടിനു തീ പിടിച്ചു നാലംഗ കുടുംബം വെന്തു മരിച്ചത്‌. കോമാത്ത്‌ കുന്നുമ്പ്രത്തെ പൊയ്യയില്‍ അശോകന്‍(41), ഭാര്യ മുഴപ്പാലയിലെ ബിന്ദു(34), മക്കളായ ഷാരോണ്‍(13), സാരംഗ്‌(ആറ്‌)എന്നിവരായിരുന്നു ദുരന്തത്തിനിരയായത്‌. മരത്തടികളാല്‍ നിര്‍മ്മിച്ച വീട്‌ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.
ഇന്നലെ രാവിലെ 9 മണിയോടെയാണ്‌ മൃതദേഹങ്ങള്‍ സ്വദേശമായ കോമത്ത്‌ കുന്നുമ്പ്രത്തെത്തിച്ചത്‌. ചൊവ്വാഴ്‌ച രാത്രി ഏഴു മണിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗലാപുരം വിമാനത്താവളത്തിലായിരുന്നു മൃതദേഹങ്ങള്‍ എത്തിച്ചത്‌. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ കണ്ണൂര്‍ ഡി.സി.സി ഓഫീസിലായിരുന്നു മൃതദേഹങ്ങള്‍ കൊണ്ടുവച്ചത്‌.
ഏറെനേരം ചെമ്പിലോട്‌ കോണ്‍ഗ്രസ്‌ മന്ദിരത്തിലും പിന്നീട്‌ കോമത്ത്‌ കുന്നുമ്പ്രത്തെയും മുഴപ്പാലയിലെയും വീടുകളിലും പൊതുദര്‍ശനത്തിനു വച്ചു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച അശോകന്റെയും കുടുംബത്തിന്റെയും വേര്‍പാട്‌ മുന്നണി പ്രവര്‍ത്തകരിലും വലിയ ആഘാതമുണ്ടാക്കി.
സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധി പേരാണ്‌ കോമത്ത്‌ കുന്നുമ്പ്രത്തും മുഴപ്പാലയിലും ഒഴുകിയെത്തിയത്‌. വിവിധ കക്ഷിനേതാക്കളായ പി.രാമകൃഷ്‌ണന്‍, കെ.പി.നൂറുദ്ദീന്‍, പ്രൊഫ.എ.ഡി.മുസ്‌തഫ, വി.പി.വമ്പന്‍, മുണ്ടേരി ഗംഗാധരന്‍, സുരേഷ്‌ ബാബു എളയാവൂര്‍, എം.വി.ഗോവിന്ദന്‍, പി.സഹദേവന്‍, കെ.കെ.രാഗേഷ്‌, ചന്ദ്രന്‍ തില്ലങ്കേരി, ഐ.എം.എ മുന്‍സംസ്ഥാന പ്രസിഡന്റ്‌ ഡോ.എം.മുഹമ്മദലി തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ പയ്യാമ്പലത്ത്‌ സംസ്‌കരിച്ചു.

1/18/10

അക്രമി സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

അക്രമി സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കണ്ണൂര്‍: ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒരാളുടെ നില ഗുരുതരം. തോട്ടട വെസ്റ്റ്‌ യു.പി സ്‌കൂളിനടുത്ത്‌ ഇല്ലിക്കുന്നുമ്മല്‍ നൂറുദ്ദീന്‍(50), ഹാഷിം(35) എന്നിവരെയാണ്‌ വെട്ടിയത്‌.
ഇന്നലെ രാത്രി ഏഴുമണിയോടെ തോട്ടട വെസ്റ്റ്‌ ഇല്ലിക്കുന്നുമ്മല്‍ രണ്ടു ബൈക്കുകളിലായി എത്തിയ അക്രമി സംഘം മാരകായുധങ്ങളുപയോഗിച്ച്‌ ഇരുവരെയും വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൂറുദ്ദീനെ കോഴിക്കോട്‌ മെഡിക്കല്‍ കേളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹാഷിം ജില്ലാ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌.
കുടുംബ വഴക്കാണ്‌ അക്രമത്തിനു പിന്നിലെ കാരണമെന്ന്‌ സംശയിക്കുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന്‌ കരുതുന്ന നാലംഗ സംഘത്തെയും രണ്ടു ബൈക്കുകളും സിറ്റി പോലീസ്‌ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യം ചെയ്യുന്നതായും അറിയുന്നു.

. പാനൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌ വെട്ടേറ്റു

. പാനൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌ വെട്ടേറ്റു
പാനൂര്‍: പാനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‌ വെട്ടേറ്റു. ഇന്നലെ രാത്രി 9.50ന്‌ പാനൂര്‍ സി.ഐ ഓഫീസിനു പിന്നിലുള്ള റോഡില്‍വെച്ചാണ്‌ വെട്ടേറ്റത്‌. ഗുരുതരമായി പരിക്കേറ്റ കൂറ്റേരി താഴെക്കണ്ടിയില്‍ ഭാസ്‌കരന്റെ മകന്‍ ജിത്തു എന്ന സുബിനാണ്‌(27) വെട്ടേറ്റത്‌. ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്‌പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്‌ മെഡിക്കല്‍കോളേജിലേക്ക്‌ മാറ്റി.
ഇന്നലെ വൈകീട്ട്‌ ജിത്തുവും സംഘവും സി.പി.എം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ ജിത്തുവും കൂട്ടുകാരും തിരിച്ചുവരുന്നതും കാത്തുനിന്ന സി.പി.എം പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നു. ജിത്തുവിനോടൊന്നിച്ചുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ വെട്ടേറ്റ ജിത്തുവിനെ ഏറെനേരം കാണാതായതിനെ തുടര്‍ന്ന്‌ അഭ്യൂഹം പരന്നു.
സംഭവം അറിഞ്ഞ്‌ ബി.ജെ.പി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി. ഇതിനിടെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ വെട്ടേറ്റ നിലയില്‍ ജിത്തുവിനെ കണ്ടെത്തുകയായിരുന്നു. പാനൂര്‍ എസ്‌.ഐ യഹ്‌യയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ വെട്ടേറ്റ ജിത്തുവിനെ ആസ്‌പത്രിയിലെത്തിച്ചത്‌. ജിത്തു മരിച്ചെന്ന കിംവദന്തി പരന്നതോടെ പാനൂരും സമീപ പ്രദേശത്തിലും രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. പാനൂരില്‍ പലയിടത്തും സ്‌ഫോടനമുണ്ടായി.