7/28/10

കണ്ടല്‍പാര്‍ക്ക്‌: നിലവിലെ സ്ഥിതി തുടരണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌

കണ്ടല്‍പാര്‍ക്ക്‌: നിലവിലെ സ്ഥിതി തുടരണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌
കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ സി.പി.എം കണ്ടല്‍തീം പാര്‍ക്ക്‌ പൂട്ടിയ അവസ്ഥയില്‍തന്നെ തുടരണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌. യൂത്ത്‌ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ അന്‍സാരി തില്ലങ്കേരി നല്‍കിയ ഹരജി പരിഗണിച്ചാണ്‌ ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്‌. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിനെതിരെ ചീഫ്‌ ജസ്റ്റിസ്‌ ജെ.ചെലവേശ്വര്‍, ജസ്റ്റിസ്‌ പി.എന്‍.രവീന്ദ്രന്‍ എന്നിവര്‍ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്‌തു.
ഹര്‍ജി പരിഗണിക്കവെ പാര്‍ക്ക്‌ പൂട്ടിയിരിക്കുകയാണെന്നും വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്‌ അറിയിക്കുകയായിരുന്നു. എന്നാല്‍ പാര്‍ക്കിനു വേണ്ടി വാദിക്കുകയും ചെയ്‌തു. പാര്‍ക്ക്‌ തുറക്കണമെന്നാവശ്യപ്പെട്ട്‌ സിംഗില്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയ സൊസൈറ്റി പ്രസിഡന്റ്‌ കുഞ്ഞിക്കണ്ണന്‍ മാസ്റ്ററും ഇതില്‍ കക്ഷിചേര്‍ന്നിരുന്നു.
കണ്ടല്‍ചെടികള്‍ വെട്ടിനശിപ്പിച്ചതിനും അതീവ ദുര്‍ബല പ്രദേശത്ത്‌ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്‌തതിന്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന അന്‍സാരി തില്ലങ്കേരിയുടെ ഹര്‍ജിയിലെ വാദത്തില്‍ ഡിവിഷന്‍ ബെഞ്ച്‌ ഇരുപതു മിനുട്ടോളം വാദം കേട്ടു. ഇതിനിടയിലാണ്‌ പാപ്പിനിശ്ശേരി പഞ്ചായത്തിനെതിരെ വിമര്‍ശിച്ചത്‌.
ധര്‍മ്മടം പഞ്ചായത്തില്‍ ഫ്‌ളാറ്റ്‌ നിര്‍മ്മിച്ചാല്‍ ജലക്ഷാമമുണ്ടാകുമെന്നാണ്‌ കഴിഞ്ഞയാഴ്‌ച ഒരു കേസില്‍ ഗ്രാമപഞ്ചായത്ത്‌ ചൂണ്ടിക്കാട്ടിയത്‌. ഇതേസമയം പാപ്പിനിശ്ശേരിയില്‍ പുഴയോരത്ത്‌ പാലം നിര്‍മിച്ചതിനെയും മറ്റു നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതിനെയും പുഴയില്‍ ജെട്ടി നിര്‍മ്മിച്ചതിനെയുമൊക്കെ പഞ്ചായത്ത്‌ ന്യായീകരിക്കുകയാണ്‌. ഇതിനൊന്നും ലൈസന്‍സ്‌ നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത്‌ പറയുന്നു. ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റാറ്റസ്‌കൊ നിലനിര്‍ത്തണമെന്നാണ്‌ ഇന്നലെ ഇടക്കാല വിധിയുണ്ടായിരിക്കുന്നത്‌. ഹര്‍ജി ഇനി ഒരു മാസം കഴിഞ്ഞ്‌ വീണ്ടും പരിഗണനക്കെടുക്കും.
പാര്‍ക്ക്‌ സന്ദര്‍ശിച്ച വിദഗ്‌ധ സമിതി തീരദേശ മാനേജ്‌മെന്റ്‌ അതോറിറ്റി ചെയര്‍മാന്‍ സി.ടി.എസ്‌.നായര്‍ക്ക്‌ ചൊവ്വാഴ്‌ച അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഒന്നര കോടിയിലധികം കണ്ടലുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന്‌ ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഏഴിനങ്ങളിലുള്ള അപൂര്‍വ്വ കണ്ടലുകളാണ്‌ നശിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
31നുള്ളില്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറും.

ഫസല്‍ വധക്കേസ്‌: തെളിവുകള്‍ തേടി സിബിഐ സംഘം തലശേരിയില്‍
തലശേരി: എന്‍.ഡി.എഫ്‌ പ്രവര്‍ത്തകനും തേജസ്‌ പത്രവിതരണക്കാരനുമായ പിലാക്കൂലിലെ ഒളിയിടക്കണ്ടി മുഹമ്മദ്‌ ഫസല്‍(27), കൊല്ലപ്പെട്ട കേസിന്റെ പുനരന്വേഷണത്തിനായി സി.ബി.ഐ സംഘം തലശേരിയിലെത്തി. സി.ബി.ഐ കൊച്ചി യൂനിറ്റിലെ എസ്‌.പി പി.എ.മോഹനന്‍, സി.ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ്‌ തലശേരിയില്‍ എത്തിയത്‌. കൊലപാതകം നടന്ന സൈദാര്‍ പള്ളിക്കടുത്ത ജെ.ടി.റോഡിലെ ലിബര്‍ട്ടീ ക്വാര്‍ട്ടേഴ്‌സ്‌ പരിസരത്ത്‌ തെളിവെടുപ്പ്‌ നടത്തി. 2006 ഒക്‌ടോബര്‍ 22ന്‌ പുലര്‍ച്ചെയാണ്‌ ഫസല്‍ കൊല്ലപ്പെട്ടത്‌.
പുലര്‍ച്ചെ പത്രം ശേഖരിക്കാനായി വീട്ടില്‍ നിന്നും സൈദാര്‍പള്ളി ഭാഗത്തേക്ക്‌ വരുന്നതിനിടയില്‍ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. സംഭവുമായി ബന്ധപ്പെട്ടു മൂന്നു സി.പി.എം പ്രവര്‍ത്തകരെ നേരത്തെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ നാട്ടില്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ ഏറെ കോലാഹലങ്ങള്‍ ഉയര്‍ന്നിരുന്നു. കേസന്വേഷണം നീതിപൂര്‍വ്വമല്ലെന്ന്‌ പരാതിപ്പെട്ട്‌ ഫസലിന്റെ ഭാര്യ മറിയം നല്‍കിയ ഹരജിയെ തുടര്‍ന്നാണ്‌ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്‌. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ അന്നാളുകളില്‍ തന്നെ സി.ബി.ഐ സംഘം തലശേരിയില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ട ഫസലിന്റെ ബന്ധുക്കളില്‍ നിന്ന്‌ മൊഴി രേഖപ്പെടുത്തി അന്വേഷണവും ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
ഫസല്‍ വധക്കേസിന്റെ ഗൂഢാലോചനയും സി.ബി.ഐയുടെ അന്വേഷണ വിഷയമായതിനാല്‍ ഏറെ ആകാംക്ഷയോടെയാണ്‌ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ കേന്ദ്രകുറ്റാന്വേഷണ ബ്യൂറോവിന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുന്നത്‌.

No comments:

Post a Comment