12/20/09

പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തകര്‍ന്നു






പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തകര്‍ന്നു
സ്വന്തം ലേഖകന്‍
മട്ടന്നൂര്‍: പഴശ്ശി ശുദ്ധജല പദ്ധതിയുടെ അണക്കെട്ടിന്റെ ഷട്ടര്‍ തകര്‍ന്നു. അണക്കെട്ടിന്റെ 16 റേഡിയല്‍ ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടറാണ്‌ ഇന്നലെ രാവിലെ തകര്‍ന്നത്‌. ജനങ്ങള്‍ ജാഗ്രത പാലിച്ചതിനെ തുടര്‍ന്ന്‌ വന്‍ ദുരന്തം ഒഴിവായി. ഷട്ടറിന്റെ അടിഭാഗത്തെ ഉരുക്ക്‌ ഷീറ്റ്‌ തകര്‍ന്ന്‌ വെള്ളം കുതിച്ചൊഴുകി. ഫയര്‍ഫോഴ്‌സും നാട്ടുകാരും മുന്നറിയിപ്പ്‌ നല്‍കിയതിനാല്‍ ആളുകള്‍ പുറത്തിറങ്ങിയില്ല.
13ലക്ഷം രൂപ ചെലവില്‍ നടക്കുന്ന അറ്റകുറ്റപ്പണി പ്രവൃത്തി പൂര്‍ത്തിയാവുന്നതിനിടെ ഷട്ടര്‍ തകര്‍ന്നതിനെ തുടര്‍ന്ന്‌ നിര്‍മ്മാണത്തില്‍ അഴിമതി ആരോപണമുയര്‍ന്നു. സംഭവ സ്ഥലത്ത്‌ ജനങ്ങള്‍ ക്ഷുഭിതരായതിനാല്‍ ഷട്ടര്‍ തകര്‍ന്ന്‌ മണിക്കൂറുകള്‍ക്കു ശേഷമാണ്‌ ജലസേചന ഉദ്യോഗസ്ഥര്‍ക്കു പഴശ്ശി അണക്കെട്ടില്‍ എത്താനായത്‌. പഴശ്ശി അണക്കെട്ടിലെ ഷട്ടറുകളുടെ ചോര്‍ച്ച തടയാന്‍ അറ്റകുറ്റപ്പണി ആരംഭിച്ച്‌ പൂര്‍ത്തിയാകുന്നതിനിടെ ഷട്ടര്‍ അടക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്‌ പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. ഷട്ടറിന്റെയും ഡാംഭിത്തിയുടെയും ഇടയിലുള്ള റബ്ബര്‍ സീലിംഗ്‌ മാറ്റി സ്ഥാപിക്കാനാണ്‌ പ്രവൃത്തി തുടങ്ങിയിരുന്നത്‌. ഷട്ടര്‍ അടച്ചതിനാല്‍ ജലനിരപ്പ്‌ പൂര്‍ണതോതിലെത്തിയതോടെയാണ്‌ ഷട്ടറിന്റെ അടിഭാഗം തകര്‍ന്നത്‌. അടിവശത്തുള്ള സ്റ്റീല്‍ പ്ലെയ്‌റ്റും റബ്ബര്‍ സീലിംഗും തകര്‍ന്നിട്ടുണ്ട്‌. അടിയന്തിര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട അടിയന്തിര ഷട്ടറാകട്ടെ മണിക്കൂറുകള്‍ക്കു ശേഷമാണ്‌ പ്രവര്‍ത്തിപ്പിക്കാനായത്‌. ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണ്‌ ഇതിനു കാരണം.
പഴശ്ശി പദ്ധതിയുടെ അറ്റകുറ്റപ്രവൃത്തി വര്‍ഷാവര്‍ഷം തുടരാറുണ്ടെങ്കിലും വന്‍ അഴിമതി നടക്കാറുണ്ട്‌. ഇതേതുടര്‍ന്ന്‌ ജനങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥലത്തെത്താനായില്ല. ഇരിട്ടി ഡി.വൈ.എസ്‌.പി ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സ്ഥലത്തെത്തിയാണ്‌ ജലസേചനവകുപ്പ്‌ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ വിജയനും മറ്റു ഉദ്യോഗസ്ഥര്‍ക്കും സ്ഥലത്തെത്താനായത്‌. തലശ്ശേരി തഹസില്‍ദാര്‍ സി.എം മുരളീധരന്‍, ചാവശ്ശേരി വില്ലേജ്‌ ഓഫീസര്‍ എം.സി സീനത്ത്‌, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീന ഇസ്‌മായില്‍, പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ പി.പി അശോകന്‍(കീഴൂര്‍ ചാവശ്ശേരി), ടി. ശ്രീമതി (പടിയൂര്‍), സി. രാജീവന്‍(ഇരിക്കൂര്‍) എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. മട്ടന്നൂര്‍ സി.ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ്‌ ജനങ്ങളെ ശാന്തരാക്കിയത്‌. കുയിലൂര്‍, കാഞ്ഞിരമണ്ണ്‌, എളന്നൂര്‍, പൊറോറ ഭാഗങ്ങളിലെ പുഴയില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നു.

No comments:

Post a Comment