12/20/09

മഅ്‌ദനിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ എറണാകുളം സബ്‌ ജയിലില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി




കൊച്ചി: കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായ സൂഫിയ മഅ്‌ദനിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ എറണാകുളം സബ്‌ ജയിലില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. ശനിയാഴ്‌ചയും ഇന്നലെയും സൂഫിയയെ പരിശോധിച്ച ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ രാത്രിയിലാണ്‌ സൂഫിയയെ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകാന്‍ അധികൃതര്‍ തീരുമാനിച്ചത്‌. ആശുപത്രിയിലേക്ക്‌ മാറ്റുന്ന വിവരം പോലീസ്‌ രഹസ്യമാക്കി വയ്‌ക്കുകയും ചെയ്‌തു. ഒമ്പതരയോടെയാണ്‌ സൂഫിയയുമായി പോലീസ്‌ വാഹനവ്യൂഹം ആലപ്പുഴക്ക്‌ പുറപ്പെട്ടത്‌.
രക്തസമ്മര്‍ദ്ദം, തലവേദന, നടുവേദന എന്നിവ സൂഫിയക്ക്‌ കലശലായിരുന്നതായി പി.ഡി.പി വൃത്തങ്ങള്‍ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രി ആര്‍.എം.ഒയുടെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘമാണ്‌ സൂഫിയയെ പരിശോധിച്ചത്‌. അതേസമയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയതിന്റെ കാരണം വ്യക്തമല്ല. സുരക്ഷാ കാരണങ്ങളാലാണ്‌ ഈ തീരുമാനമെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന്‌ അറസ്റ്റു ചെയ്യപ്പെട്ട സൂഫിയക്ക്‌ ആലുവ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയും ജാമ്യം നിഷേധിച്ച്‌ റിമാന്‍ഡ്‌ ചെയ്യുകയായിരുന്നു. സൂഫിയയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‌ വൈദ്യസഹായം ലഭ്യമാക്കണമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു. മൂവാറ്റുപുഴ സബ്‌ ജയിലിലേക്ക്‌ കൊണ്ടുപോകാതെ എറണാകുളം സബ്‌ ജയിലില്‍ പാര്‍പ്പിക്കാന്‍ അനുവദിച്ചതും സൂഫിയയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ്‌.
എറണാകുളം സബ്‌ ജയിലിന്‌ മതിയായ സുരക്ഷയില്ലെന്നും സൂഫിയയെ ഈ സാഹചര്യത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റണമെന്നും പോലീസിലെ ഒരു വിഭാഗം വാദിക്കുന്നതിനിടെയാണ്‌ പുതിയ സംഭവവികാസം. സൂഫിയക്കു വേണ്ടി ഇന്ന്‌ എറണാകുളം സെഷന്‍സ്‌ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുണ്ട്‌. ഹര്‍ജി നാളെയാകും കോടതിയുടെ പരിഗണനയില്‍ വരിക.
വെള്ളിയാഴ്‌ചയാണ്‌ സൂഫിയയെ എറണാകുളം സബ്‌ ജയിലില്‍ പ്രവേശിപ്പിച്ചത്‌. സ്‌ത്രീകള്‍ക്കായുള്ള രണ്ട്‌ ബ്ലോക്കുകളിലൊന്നിലാണ്‌ ഇവര്‍ക്ക്‌ ഇടം നല്‍കിയിരുന്നത്‌.

No comments:

Post a Comment