12/30/09

ഷട്ടറുകള്‍ തുറന്നപ്പോള്‍ പഴശ്ശി അണക്കെട്ടിന്റെ









ഷട്ടറുകള്‍ തുറന്നപ്പോള്‍ പഴശ്ശി അണക്കെട്ടിന്റെ
എമര്‍ജന്‍സി ഷട്ടര്‍ താഴ്‌‌ന്നു
മട്ടന്നൂര്‍: തകര്‍ന്ന ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്കായി പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന്‌ വെള്ളം ഒഴുക്കിവിട്ടു. ജലനിരപ്പ്‌ താഴ്‌ന്നതിനാല്‍ തകര്‍ന്ന ഷട്ടറിന്റെ എമര്‍ജന്‍സി ഷട്ടര്‍ താഴ്‌ത്തി മുഴുവന്‍ ഷട്ടറുകള്‍ അടച്ചു. ഇന്നലെ രാവിലെ മുതലാണ്‌ ഡാമിലെ എട്ടുഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്നുവിട്ടത്‌. ഷട്ടര്‍ വീണ്ടും അടച്ചതിനാല്‍ പഴശ്ശി ജലാശയത്തില്‍ വീണ്ടും ജലനിരപ്പുയര്‍ന്നു. ഇക്കഴിഞ്ഞ 20 നാണ്‌ ഡാമിന്റെ 16 റേഡിയല്‍ ഷട്ടറുകളില്‍ എട്ടാമത്തേത്‌ തകര്‍ന്നത്‌. ഇതുമൂലം എമര്‍ജന്‍സി ഷട്ടര്‍ താഴ്‌ത്താന്‍ പഴശ്ശി മെക്കാനിക്കല്‍ വിഭാഗവും നാവികസേനയും ഖലാസികളും പരിശ്രമിച്ചെങ്കിലും ഡാമില്‍ വെള്ളം നിറഞ്ഞതിനാല്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്‌ച തിരുവന്തപുരത്ത്‌ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഴുവന്‍ ഷട്ടറുകളും തുറന്നുവിടാന്‍ തീരുമാനിക്കുകയായിരുന്നു.
ജലസേചന വകുപ്പ്‌ സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ ബാലചന്ദ്രന്‍, എക്‌്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ രാധാകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ്‌ ഷട്ടറുകള്‍ തുറന്നു വിട്ടത്‌. ഇന്നു രാവിലെ മുതല്‍ തകര്‍ന്ന ഷട്ടറിന്റെ പ്രവൃത്തി തുടങ്ങും. ഷട്ടര്‍ തകര്‍ന്നതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പഴശ്ശി പദ്ധതിയുടെ മുന്‍ ജീവനക്കാരന്‍ മുഴുവന്‍ ഷട്ടറുകളും തുറന്നു വിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു ചെവിക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതുകാരണം എന്തു ചെയ്യണമെന്നറിയാതെ പത്തു ദിവസമായി ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലായിരുന്നു.

No comments:

Post a Comment