12/20/09

കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെ മന്ത്രിതല അവലോകനയോഗം ഇന്ന്‌

കോഴിക്കോട്‌: ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെ മന്ത്രിതല അവലോകനയോഗം ഇന്ന്‌ കോഴിക്കോട്ട്‌. ജില്ലയിലെ പതിമൂന്ന്‌ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന്‌ ജപ്പാന്‍ സഹായത്തോടെയുള്ള പദ്ധതി ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായെങ്കിലും പൈപ്പിടുന്ന ജോലിയും സംഭരണിയുടെ നിര്‍മ്മാണവും അനന്തമായി നീളുകയാണ്‌. ജോലിയുടെ മേല്‍നോട്ടം ഏറ്റെടുത്ത വാട്ടര്‍ അതോറിറ്റിക്ക്‌ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്‌ ഇപ്പോഴുള്ളത്‌.
പെരുവണ്ണാമുഴി റിസര്‍വോയറില്‍നിന്ന്‌ വെള്ളം ശേഖരിച്ച്‌ സംഭരണികളിലാക്കി കാസ്റ്റ്‌ അയേണ്‍ പൈപ്പുകള്‍ വഴി വിവിധ സ്ഥലങ്ങളില്‍ എത്തിക്കാനാണ്‌ പരിപാടി. പൈപ്പിടുന്ന ജോലി തുടങ്ങിയിട്ട്‌ രണ്ടു വര്‍ഷത്തോളമായെങ്കിലും പകുതിപോലും പൂര്‍ത്തിയാക്കാനായിട്ടില്ല. പെരുവണ്ണാമുഴി മുതല്‍ കടലുണ്ടി പഞ്ചായത്ത്‌ വരെ 1800 കിലോമീറ്റര്‍ ഭാഗത്താണ്‌ പൈപ്പിടേണ്ടത്‌. ഇതില്‍ 600 കിലോമീറ്റര്‍ ഭാഗത്ത്‌ മാത്രമാണ്‌ ജോലി നടന്നത്‌. ഹൈദ്രബാദില്‍നിന്നുള്ള ഒരു കമ്പനിയായിരുന്നു കരാര്‍ ഏറ്റെടുത്തിരുന്നത്‌. അവര്‍ പലര്‍ക്കും സബ്‌ കോണ്‍ട്രാക്‌ട്‌ നല്‍കുകയുണ്ടായി. എന്നാല്‍ ജോലിയില്‍ തികഞ്ഞ അനാസ്ഥയാണ്‌ സംഭവിച്ചത്‌. കുഴിയെടുത്ത സ്ഥലങ്ങളില്‍ പൈപ്പിട്ടശേഷം യഥാസമയം മൂടാത്തതിനാല്‍ ഉണ്ടായ അപകടങ്ങള്‍ക്ക്‌ കണക്കില്ല, ബാലുശ്ശേരി, പേരാമ്പ്ര, നന്മണ്ട, കാക്കൂര്‍, ഒളവണ്ണ, നല്ലളം തുടങ്ങിയ ഭാഗങ്ങളില്‍ ഗതാഗത കുരുക്കും രൂക്ഷമായിരുന്നു. ജപ്പാന്‍ കുഴികളില്‍ വീണ്‌ എല്ലൊടിഞ്ഞവരുടെ സംഖ്യ ദിനംപ്രതി വര്‍ദ്ധിക്കുകയായിരുന്നു. പ്രവൃത്തിയുമായി ബന്ധപ്പെട്ട്‌ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും കരാറുകാരെ ശരിയായ ദിശയിലേക്ക്‌ നയിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക്‌ സാധിച്ചില്ല. ഒടുവില്‍ കരാറുകാരെ മാറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു. പുതിയ കരാറുകാരെ ഏര്‍പ്പെടുത്തിയതായും അറിയുന്നു. അതേസമയം, അവശേഷിക്കുന്ന പൈപ്പിടല്‍ ജോലികള്‍ പഴയ കരാറുകാരെ തന്നെ അനൗദ്യോഗികമായി ഏല്‍പിക്കാനും ധാരണയായിട്ടുണ്ട്‌. പുതിയ കരാറുകാരുടെ സമ്മതത്തോടെയാണ്‌ ഇത്‌.
അതിനിടെ പെരുവണ്ണാമുഴിയില്‍ കൂറ്റന്‍ സംഭരണിയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. സംഭരണി നിര്‍മ്മിക്കാന്‍ പാറ പൊട്ടിക്കേണ്ടിയും മറ്റും വന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജോലി നീണ്ടുപോയിരുന്നു. ടാങ്കുകളും സംസ്‌കരണ പ്ലാന്റുകളും നിര്‍മ്മിക്കുന്ന ജോലിയും തുടരുകയാണ്‌. പൈപ്പിടാന്‍ റോഡുകളില്‍ നിര്‍മ്മിച്ച കുഴികള്‍ മൂടുന്നതില്‍ ഉണ്ടായ അലംഭാവം ജപ്പാന്‍ പദ്ധതിയോട്‌ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കാന്‍ ഇടയാക്കിയതായി ചൂണ്ടികാണിക്കപ്പെടുന്നു. കരാറുകാരെ നിയന്ത്രിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും വാട്ടര്‍ അതോറിറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ സാധിക്കാതെ വന്നു. കുടിവെള്ളത്തിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറായ ജനങ്ങളെ പരിഹസിക്കുന്ന വിധത്തിലായിരുന്നു പദ്ധതിയുടെ പോക്ക്‌. പദ്ധതി ഒരു സാഹസികതയായെന്ന്‌ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പദ്ധതിയുടെ ഗുണഭോക്താക്കളില്‍നിന്ന്‌ പണപ്പിരിവ്‌ ഇതിനകം വാട്ടര്‍ അതോറിറ്റി തുടങ്ങിയിട്ടുണ്ട്‌. ഗാര്‍ഹിക കണക്‌ഷന്‍ ആവശ്യമുള്ളവരുടെ ലിസ്റ്റ്‌ പഞ്ചായത്ത്‌ വഴി ശേഖരിച്ച്‌ 250 രൂപവീതം വാട്ടര്‍ അതോറിറ്റി മാസങ്ങള്‍ക്കു മുമ്പുതന്നെ ഈടാക്കിയിട്ടുണ്ട്‌.

No comments:

Post a Comment